ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂല തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നടക്കുന്ന സിബിസിഐയുടെ മുപ്പത്തേഴാമതു ജനറൽ ബോഡിയിലായിരുന്നു തെരഞ്ഞെടുപ്പ്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായാണു നിയമനം. ദളിത് വിഭാഗത്തിൽനിന്ന് സിബിസിഐ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യത്തെ മെത്രാനാണ് കർദിനാൾ ഡോ. ആന്റണി പൂല. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാർ.
ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ സിബിസിഐ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷത്തേക്കാണ് നിയമനങ്ങൾ. 1961 നവംബർ 15 ന് ആന്ധ്രയിലെ കർണൂൽ രൂപതയിലെ പോളൂരുവിലാണ് കർദിനാൾ പൂലയുടെ ജനനം. 1992 ഫെബ്രുവരി 20 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കടപ്പ രൂപതയിൽ ചേർന്നു.
2008 ഫെബ്രുവരി എട്ടിന് കർണൂൽ മെത്രാനായി. 2020 നവംബർ 19 മുതൽ ഹൈദരാബാദ് ആർച്ച്ബിഷപ്പാണ്. 2022 ഓഗസ്റ്റ് 27 ന് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ കർദിനാളായി ഉയർത്തി.